തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ നിയമനാംഗീകാരം തടയപ്പെട്ട എയ്ഡഡ് സ്കൂളുകളിലെ 20,000ത്തിലേറെയുള്ള അധ്യാപകർക്കു സ്ഥിരനിയമനം നൽകാൻ ഉത്തരവ്. ഭിന്നശേഷി സംവരണ നിയമന തസ്തികകൾ ഒഴിച്ചിട്ടു ബാക്കിയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാനാണ് നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള സർക്കാർ തീരുമാനം.
എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി ഇതര മാനേജ്മെന്റുകൾക്ക് കീഴിലുള്ള നിയമനങ്ങൾക്കുകൂടി ബാധകമാക്കാൻ തീരുമാനിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
20,000ത്തിലേറെ അധ്യാപകരുടെ നിയമനാംഗീകാരം വർഷങ്ങളായി തടഞ്ഞുവച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ വിവിധ ക്രൈസ്തവ സഭകളും മതമേലധ്യക്ഷന്മാരും രംഗത്തുവന്നതോടെയാണ് സർക്കാർ നടപടി. വിധി ഇതര മാനേജ്മെന്റുകൾക്ക് കൂടി ബാധകമാക്കാനായി സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചിരുന്നു. കേസ് ഏപ്രിൽ 14ലേക്ക് മാറ്റിയിരുന്നു.
കേസിലെ അന്തിമ വിധിക്ക് വിധേയമായി ഇതര മാനേജ്മെൻറുകൾക്ക് കീഴിലെ നിയമനങ്ങൾക്കും അംഗീകാരം നൽകാനാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ കോർപറേറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള 893 സ്കൂളുകളിലേയും 1171 സിംഗിൾ മാനേജ്മെന്റ് സ്കൂളുകളും അടക്കം 2064 സ്കൂളുകളിലെ അധ്യാപകർക്കാണ് നിയമനാംഗീകാരം.
നിയമന തീയതി മുതൽ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നിയമനാംഗീകാര പ്രൊപ്പോസലുകൾ മാർച്ച് നാലിനകം വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ചു തീർപ്പാക്കണം. ഇതിൽ തീർപ്പാകാത്തവ വിദ്യാഭ്യാസ ഉപഡയറക്ടർ അദാലത്ത് നടത്തി മാർച്ച് 12നകം തീർപ്പാക്കണം. തുടർന്നും അവശേഷിക്കുന്നവ പൊതുവിദ്യാഭ്യാസ ഡയറക്ടർ അദാലത്ത് നടത്തി ഒരാഴ്ചയ്ക്കകം തീർക്കണം.
ഇതിനുശേഷവും തീർപ്പുകൽപ്പിക്കാത്തവ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുകയും ഒരാഴ്ചക്കകം തീർപ്പാക്കുകയും ചെയ്യണം. നടപടികളുടെ പുരോഗതി റിപ്പോർട്ട് ആഴ്ചയിൽ ഒരു തവണ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിക്കണം. ഇതിനായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടർ പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു.
എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി ലഭിച്ച വിധി അവർക്ക് മാത്രം ബാധകമെന്നും മറ്റുള്ളവർക്കു നടപ്പാക്കാനാകില്ലെന്നും സർക്കാർ നേരത്തെ നിയമോപദേശം വാങ്ങിയിരുന്നു. ഈ വാദം ഉയർത്തിയാണ് ഒരു വർഷത്തോളമായി ആവശ്യം സർക്കാർ നിരാകരിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സമരവും വിമർശനവും കടുത്തതോടെയാണ് വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ തീരുമാനിച്ചത്.
സുപ്രീംകോടതിയിലുള്ള ഹർജിയുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റിവച്ചിട്ടുള്ള മറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലും താത്കാലിക ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് സീനിയർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി വിശദീകരിച്ചു.
ഭിന്നശേഷി നിയമന പ്രശ്നം കാരണം താത്കാലിക നിയമനാംഗീകാരത്തിലും ദിവസവേതനത്തിലുമായി തുടരുന്ന ഇരുപതിനായിരത്തിലേറെ അധ്യാപകർക്കാണ് ഇതുവഴി സ്ഥിരം നിയമനത്തിന് വഴിയൊരുങ്ങുന്നത്.